ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. യേശുക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡല്‍ഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
“എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. യേശുക്രിസ്തുവിന്റെ സന്ദേശങ്ങള്‍ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടെ,” പ്രധാനമന്ത്രി കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേർന്നു. “എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍! ഈ സുദിനം യേശുക്രിസ്തുവിന്റെ സ്നേഹം, ദയ, അനുകമ്പ എന്നിവയുടെ കാലാതീതമായ സന്ദേശങ്ങള്‍ ഓർമ്മിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തില്‍, സമാധാനം പുലരാനും സമത്വം പ്രോത്സാഹിപ്പിക്കാനും സമൂഹത്തില്‍ ഐക്യം വളർത്താനും നമുക്ക് ശ്രമിക്കാം,” രാഷ്ട്രപതി കുറിച്ചു.