ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയെന്ന കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ മാധ്യമപ്രവർത്തകർക്ക് കന്യാസ്ത്രീകൾ ചിത്രം അയച്ച് നൽകിയത് സ്വകാര്യ സംഭാഷണമായി കാണാനാകില്ലെന്ന കർശന നിരീക്ഷണവും സുപ്രീം കോടതി നടത്തി.
ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് നിലപാടെടുത്തായിരുന്നു സുപ്രീം കോടതി സർക്കാരിന്റെ അപ്പീൽ ഹർജി തള്ളിയത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ ഹർജി തള്ളിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. സിസ്റ്റർ അമല, സിസ്റ്റർ ആനി റോസ് എന്നിവർക്കെതിരെ കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ അപ്പീൽ ഹർജി സമർപ്പിച്ചത്.