ഭുവനേശ്വർ : ഒഡിഷയില്‍ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജു ജനതാദള്‍ നേതാവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ബി.ജെ.ഡി നേതാവും മുൻമുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ വലംകൈ ആയാണ് പാണ്ഡ്യൻ അറിയപ്പെടുന്നത്.
നവീൻ ബാബുവിനെ സഹായിക്കുന്നതിനായാണ് താൻ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നായിരുന്നു ഞായറാഴ്ഡ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പാണ്ഡ്യൻ പറയുന്നത്. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിൻമാറാൻ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം, തനിക്കെതിരെയുള്ള പ്രചാരണത്തില്‍ പാർട്ടിക്ക് നഷ്ടമുണ്ടായെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു. തന്നോടൊപ്പം പ്രവർത്തിച്ച ബിജു പരിവാർ അംഗങ്ങള്‍ക്ക് നന്ദി. എന്നും ഹൃദയത്തിനുള്ളില്‍ ഒഡിഷയും ഗുരു നവീൻബാബുവും ഉണ്ടായിരിക്കും, അവരുടെ ക്ഷേമത്തിനായി ഈശ്വരനോട് പ്രാർത്ഥിക്കുമെന്നും പാണ്ഡ്യൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷമാണ് സിവില്‍ സർവീസില്‍ നിന്ന് രാജിവച്ച് വി.കെ.പാണ്ഡ്യൻ ബി.ജെ.ഡിയില്‍ ചേർന്നത്. ഒഡിഷയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡിയുടെ പ്രചാരണത്തിന് നേതൃത്വം നല്കിയതും പാണ്ഡ്യനായിരുന്നു പാണ്ഡ്യനെതിരെ ആരോപണം ഉന്നയിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം . ഒഡിഷയ്ക്ക് പുറത്തുനിന്നുള്ളയാള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണോ എന്നായിരുന്നു പ്രചാരണ യോഗങ്ങളില്‍ ബി.ജെ.പി ചോദിച്ചിരുന്നത്. ഒഡിഷയില്‍ പ്രചാരണം നടത്തുന്നത് നവീൻ പട്നായിക്ക് അല്ലെന്നും പാണ്ഡ്യനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.