ദില്ലി: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ ബിജെപിയില്‍ നിന്നും പർവേഷ് വർമയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാൻ ബിജെപി മുതിർന്ന നേതാവ് രമേഷ് ബിധുരിയെയും ആണ് നിയോഗിച്ചിട്ടുള്ളത്. അതേസമയം എഎപിയില്‍ നിന്നും മാറി ബിജെപിയിലേക്കെത്തിയ മുൻ മന്ത്രിമാരായ രാജ് കുമാർ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരും ഇത്തവണ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും.
2013 മുതല്‍ തുടർച്ചയായി ന്യൂഡല്‍ഹി സീറ്റില്‍ തുടരുന്ന എംഎല്‍എയാണ് കെജ്‌രിവാള്‍. ഇത്തവണ ബിജെപിയുടെ ഗാന്ധി നഗർ എംഎല്‍എ അനില്‍ ബാജ്‌പേയിയെ ഒഴിവാക്കി മുൻ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 2003 മുതല്‍ 2013 വരെ ഷീല ദീക്ഷിത് സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന അരവിന്ദർ സിംഗ് ലൗലി കഴിഞ്ഞ വർഷമാണ് ബിജെപിയില്‍ ചേർന്നത്. മുൻ ഡല്‍ഹി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാർ ചൗഹാൻ മംഗോള്‍പുരിയില്‍ നിന്ന് മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയക്കെതിരെ മറ്റൊരു മുൻ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ തർവീന്ദർ സിംഗ് മർവ ജംഗ്പുരയില്‍ മത്സരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.