ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി.പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍. അദിതി സിംഗ്, മനോജ് പാണ്ഡെ എന്നിവരാണ് പാളയത്തില്‍ പടയുമായി ഇറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ പ്രവര്‍ത്തകര്‍ കൂടി മാറിനിന്നതോടെ ദിനേഷ് പ്രതാപ് സിംഗിന് അത് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്.
സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാൻ അമിത് ഷാ അടക്കമുള്ളവര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും എംഎല്‍എമാര്‍ വഴങ്ങിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ് പ്രതാപ് സിംഗ്. കള്ളന്‍റെ പണിയാണ് രാഹുല്‍ വയനാട്ടില്‍ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുല്‍ മണ്ഡലങ്ങള്‍ മാറുന്നതെന്നുമെല്ലാമുള്ള വാദങ്ങള്‍ രാഹുലിനെതിരെ മണ്ഡലത്തില്‍ ദിനേഷ് പ്രതാപ് സിംഗ് ഉയര്‍ത്തിയിരുന്നു. 2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്‍പിച്ചത്.