തിരുവനന്തപുരം : ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി.മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തില്‍വേണം മുന്നോട്ടു പോകാനെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാണ് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഒറ്റ ലക്ഷ്യത്തില്‍ മുന്നോട്ടുപോകാൻ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ സിപിഎം അടക്കം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രാഷ്ടീയ എതിരാളികളുണ്ടാകാം. എന്നാല്‍, ഇന്ത്യയുടെയും ഭരണഘടനയുടെയും മത ന്യൂനപക്ഷങ്ങളുടെയും സംരക്ഷണമാകണം മുഖ്യ ലക്ഷ്യം. നേരത്തേ വാജ്പേയി മന്ത്രിസഭയെ ഒന്നിച്ചുനിന്ന് താഴെയിറക്കിയ അനുഭവമുണ്ട്. രാജ്യത്തിന്റെ സമ്ബത്ത് കൊള്ളയടിക്കുന്നതിന് വെറുപ്പിനെയും വിദ്വേഷത്തെയും കൂട്ടുപിടിക്കുകയാണ് നരേന്ദ്രമോദി. യുപിയില്‍ മോദി പച്ചക്കൊടി വീശിയ പുതിയ ട്രെയിനിന്റെ പേര് നമോ ഭാരത് എന്നാണ്. താനാണ് ഭാരതം എന്നാണ് മോദി പറയുന്നത്. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത് ഇന്ദിരയാണ് ഇന്ത്യയെന്നാണ്. രണ്ടും തമ്മില്‍ വലിയ സാമ്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.