ബംഗളൂരു : രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഘടന സംരക്ഷിക്കാനുള്ള ഐക്യപ്പെടലാണ് പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.യോഗത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റേണ്ടത് രാജ്യസ്നേഹികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രാദേശിക വിയോജിപ്പിനപ്പുറം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വിശാല ഐക്യപ്പെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്.
കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്ന രണ്ടു മുന്നണിയായി സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേരാണ് മത്സരം. അവിടെ ഇരുമുന്നണിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ ബിജെപിക്ക് നിയമസഭയില്‍ ഒരംഗംപോലുമില്ല എന്നത് ശ്രദ്ധേയമാണ്. ഇത് രാജ്യതാല്‍പ്പര്യത്തിന് ഗുണമാണ്.
ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മറ്റ് മതനിരപേക്ഷ കക്ഷികളും ഒന്നിച്ചാണ് തൃണമൂലിനെയും ബിജെപിയെയും നേരിടുന്നത്. തമിഴ്നാട്ടിലും ബിഹാറിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം സാഹചര്യമുണ്ട്. എന്നാല്‍, രാജ്യത്തിനാകെ വിപത്തായ ബിജെപിയെ നേരിടാൻ ഐക്യം രൂപപ്പെടണം.
2004ല്‍ ഇടതുപക്ഷത്തിന് ലഭിച്ചത് 61 സീറ്റാണ്. ഇതില്‍ 57 എണ്ണവും നേടിയത് കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്. എന്നിട്ടും, രാജ്യതാല്‍പ്പര്യം മുൻനിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചു. അന്ന്, ഇടതുപക്ഷ പിന്തുണയില്ലായിരുന്നെങ്കില് മൻമോഹൻസിങ് സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലായിരുന്നു. പ്രതിപക്ഷ പാര്‍ടികളിലെ ഭിന്നിപ്പ് ഗുണമാകുന്നത് ബിജെപിക്കാണ്. ബിജെപിക്ക് 37 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടില്ല. 63 ശതമാനം വോട്ട് ബിജെപിക്ക് എതിരാണ്. ആ വോട്ട് ഭിന്നിച്ചത് ആവര്‍ത്തിക്കരുത് യെച്ചൂരി പറഞ്ഞു.