ജനങ്ങൾക്ക് വേണ്ടത് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ; സിപിഎം ജനങ്ങളെ അടിമകളെ പോലെ കണ്ടു; കടുത്ത വിമർശനവുമായി നരേന്ദ്രമോദി

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിയിൽ കോൺഗ്രസിനും സിപിഎമ്മിനുമെതിരെ വിമർശന ശരമെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് വേണ്ടത് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരാണെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും മോദി ആവർത്തിച്ചു. മാർച്ച് രണ്ടിന് ഗോത്രവർഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ത്രിപുരയുടെ മുഖ്യമന്ത്രിയാകും എന്ന എഐസിസി സെക്രട്ടറി അജോയ് കുമാറിന്റെ പ്രഖ്യാപനത്തിനിടയിലായിരുന്നു പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് വിജയം ഉറപ്പു നൽകിക്കൊണ്ട് മോദിയുടെ പ്രസ്താവനകളുണ്ടായത്.

Advertisements

ത്രിപുരയിലെ നിയമവാഴ്ചയും സമാധാനവും ബിജെപി പുനഃസ്ഥാപിച്ചതായും ഭരണകാലയളവിൽ സിപിഎം ജനങ്ങളെ അടിമകളെ പോലെയാണ് കണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻപ് ഒരു പാർട്ടിയുടെ കൊടി മാത്രമാണ് സംസ്ഥാനത്ത് ഉയർത്താൻ കഴിഞ്ഞിരുന്നത്. വേറൊരു കൊടി ഉയർന്നാൽ ചോര പൊടിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നിരന്തരം സിപിഎം ആക്രമണം ഉണ്ടായിട്ടുണ്ട്. ത്രിപുരയിലെ സ്ത്രീകളും യുവാക്കളും സിപിഎമ്മിനും കോഴയ്ക്കും ചുവപ്പുകാർഡ് കാണിച്ചെന്നും അദ്ദേഹം തുടർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് റേഷൻ ജനങ്ങളുടെ കൈയിലെത്തുന്നതിന് മുൻപ് തന്നെ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ അതിന് മാറ്റം വന്നു. സിപിഎം-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ അഴിമതി തിരികെയെത്തും. അതിനാൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിനെ വിജയിപ്പിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.

അതേസമയം ത്രിപുര തിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി കൂട്ടുകെട്ടിനെതിരെയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശനമുന്നയിച്ചിരുന്നു. കേരളത്തിൽ രാഷ്ട്രീയ എതിരാളികളായവർ ത്രിപുരയിൽ സഖ്യത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഇടതു പാർട്ടികളും ജനങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിട്ടതായും ജനങ്ങൾക്കായി മുദ്രാവാക്യം മുഴക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമെന്നായിരുന്നു മോദിയുടെ വിമർശനം.

കൂടാതെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള ആക്രമണത്തിന് സാദ്ധ്യതയുള്ളതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപണമുന്നയിച്ചിരുന്നു. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്ബ് ബി.ജെ.പി വലിയ അക്രമം അഴിച്ചുവിട്ടേക്കാം. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ബി.ജെ.പി വൻതോതിൽ പണം വിതരണം ചെയ്യുകയാണ്. പേശീബലം ഉപയോഗിക്കുന്നതോടൊപ്പം കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. പ്രവർത്തകരുടെ വീട് മുതൽ പോളിംഗ് സ്റ്റേഷൻ വരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles