മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മാഘ പൗർണമി ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം ശോഭ സുരേന്ദ്രൻ ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. പ്രയാഗ് രാജില്‍ നിന്നുള്ള ചിത്രങ്ങള്‍ ശോഭ സുരേന്ദ്രൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
പുണ്യസ്നാനം നടത്തിയ ശേഷം ശോഭ സുരേന്ദ്രൻ കാൻപൂർ നൈമിഷാരണ്യത്തിലെ സ്വാമി ശ്രീ നരധാനന്ദ ആശ്രമ മഠാധിപതി മഹന്ത് സ്വാമി വിദ്യ ചൈതന്യ മാഹാരാജുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മാഘ പൗർണമി ദിനത്തില്‍ മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു. കുടുംബത്തോടൊപ്പം അദ്ദേഹം ത്രിവേണീ സംഗമത്തില്‍ സ്നാനം ചെയ്തു. മാഘ പൗർണമി ദിവസമായ ഇന്ന് വൻ ഭക്തജനതിരക്കാണ് പ്രയാഗ് രാജിലുള്ളത്. ലോകത്തുടനീളമുള്ള വിശ്വാസികള്‍ പുണ്യദിനത്തില്‍ ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്യാനെത്തി.