തൃശ്ശൂർ: വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വെള്ള കാർ പോർച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാവാം തൻ്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയതായിരുന്നു താൻ. അതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും അവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്ഫോകടവസ്തു പൊട്ടിത്തെറിച്ചതെന്ന് പിന്നീട് മനസിലായി. എന്നാല്‍ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പടക്കത്തില്‍ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.