തിരുവനന്തപുരം : മുൻ എം.പിയും മന്ത്രിയും ശശി തരൂരിനെതിരായ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്ത് ബി.ജെ.പി അദ്ധ്യക്ഷനായി ചുമതലയേഥറ്റതിന് പിന്നാലെ പാർട്ടിയില്‍ പടലപിണക്കങ്ങള്‍ രൂക്ഷമാവുന്നതായി സൂചനകള്‍ പുറത്തേക്ക് വരുന്നു. സംസ്ഥാനത്ത് തനിക്കനുകൂലമായ ടീമുണ്ടാക്കാൻ പാർട്ടി പ്രവർത്തകരെ തഴഞ്ഞ് സ്വന്തം ആളുകളെ മാത്രം നിയമിക്കുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നതിലാണ് മുതിർന്ന ബി.ജെ.പി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്.
സംസ്ഥാന അദ്ധ്യക്ഷന്റെ സംഘത്തില്‍ മീഡിയ കണ്‍വീനറുമാരില്‍ ഒരാളുടെ നിയമനത്തിനെതിരെയാണ് പുതിയ വിവാദമുയരുന്നത്. നിരോധിത സംഘടനയായ പി.എഫ്.ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുകയും യു.എ.പി.എ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത പത്രപ്രവർത്തകനായ സിദ്ധീഖ് കാപ്പന്റെ അടുത്ത സുഹൃത്താണ് പുതുതായി നിയമിച്ചയാളെന്നാണ് ആരോപണമുയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള പ്രമുഖ ഹിന്ദുത്വ നേതാവ് തലസ്ഥാനത്ത് സന്യാസ പദവിയിലിരിക്കുന്ന ഒരാളാണ് പുതിയ നിയമിതനായ വ്യക്തിയെ ബി.ജെ.പി അധ്യക്ഷന്റെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രചാരണം നടത്തുന്നത്. നിയമിതനായ വ്യക്തിയെ കാപ്പനുമായി ബന്ധപ്പെടുത്തി ചില സുരക്ഷാ ആശങ്കകളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. സംഘടനാ യൂണിറ്റില്‍ പ്രവർത്തന പാരമ്ബര്യമുള്ള ‘കാര്യ കർത്താക്കളല്ലാത്തവരെ’ ഉള്‍പ്പെടുത്തിയതില്‍ നിരവധി മുതിർന്ന നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സോഷ്യല്‍ മീഡിയ ടീമില്‍ സംഘടനാ രംഗത്തില്ലാത്ത നിരവധി പേരെ ഉള്‍പ്പെടുത്തിയതിനെ തുടർന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ചില പരാതികള്‍ ലഭിച്ചതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കേന്ദ്രമന്ത്രി അമിത് ഷായുമായി ഇക്കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച്ച നടത്തിയതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃതവത്തില്‍ രാജീവ് ചന്ദ്രശേഖർ ഒരു ‘സമാന്തര സംവിധാനം’ ഉയർത്തിക്കൊണ്ടു വരുന്നതായി ചില നേതാക്കളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പുതിയ ബി.ജെ.പി നേതൃത്വം സംഘടനയ്ക്കുള്ളില്‍ നിന്നുള്ള ‘പുതിയ മുഖങ്ങള്‍ക്ക്’ അവസരം നല്‍കണമെന്ന് ആർ.എസ്.എസ് ആഗ്രഹിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുന്നുണ്ട്.
ഇക്കാര്യത്തില്‍ ഔദ്യോഗിക ആശയവിനിമയം ആർ.എസ്.എസിന്റെ ഭാഗത്തു നിന്നും ഉണ്ടായോ എന്നതില്‍ വ്യക്തതയില്ല. പുറത്തുള്ളവരെന്ന് ആരോപിക്കപ്പെട്ട സംഘവുമായി ചില ബി.ജെ.പി പ്രവർത്തകർ അടുത്തിടെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വാക്കേറ്റത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. ജില്ലാ ഭാരവാഹികളെ തീരുമാനിക്കുന്ന കാര്യത്തില്‍ തങ്ങളോട് ചർച്ച ചെയ്തില്ലെന്ന് കാട്ടി എം.ടി രമേശ്, പി.സുധീർ, സി.കൃഷ്ണകുമാർ എന്നിവരടക്കം ഇക്കഴിഞ്ഞ ദിവസമാണ് പരാതിയുമായി രംഗത്ത് വന്നത്. സംസ്ഥാന നേതാക്കളെ തഴഞ്ഞ് രാജീവ് ചന്ദ്രശേഖറിനെ പാർട്ടി അദ്ധ്യക്ഷ പദവി നല്‍കിയ കേന്ദ്രനേതൃത്വത്തിന്റെ നടപടിയില്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്.