കോട്ടയം: മുനമ്പം വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ മധ്യകേരളത്തിലെ ക്രൈസ്തവ ബന്ധമുള്ള രാഷ്ട്രീയ പാർട്ടികളുമായി കൈകോർക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ ദിവസം കോട്ടയത്ത് സന്ദർശനം നടത്തിയ ഗോവ ഗവർണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരൻ പിള്ള കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ മോൻസ് ജോസഫുമായി നടത്തിയ ചർച്ചയാണ് ഇപ്പോൾ വിവദമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കടുത്തുരുത്തി ഫെറോന പള്ളി സന്ദർശനത്തിനായി ഗോവ ഗവർണർ എത്തിയപ്പോഴാണ് അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം മോൻസ് ജോസഫ് എം.എൽ.എയുമായി ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.
പള്ളി വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേലിന് ഒപ്പമാണ് ഗോവ ഗവർണറും മോൻസ് ജോസഫ് എം.എൽ.എയും ചർച്ച നടത്തിയത്. മുനമ്പം വിഷയം ന്യൂനപക്ഷങ്ങൾക്കിടയിൽ ധ്രൂവീകരണം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മധ്യകേരളത്തിൽ ഒറ്റയ്ക്കൊറ്റയ്ക്ക് നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫുമായി ഗോവ ഗവർണർ ചർച്ച നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള മോൻസ് ജോസഫ് വഴി മധ്യകേരളത്തിൽ ശക്തിയുണ്ടാക്കാമെന്ന് ബിജെപി കരുതുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കൾ തന്ത്രങ്ങൾ മെനയുന്നുമുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെയും കോട്ടയം ജില്ലയിലെ മറ്റൊരു സ്വതന്ത്ര എം.എൽ.എയും ഒപ്പം പിടിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മധ്യകേരളത്തിൽ രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ചർച്ചകളെല്ലാമെന്നാണ് ലഭിക്കുന്ന സൂചന.
മധ്യകേരളത്തിലെ സ്വതന്ത്ര എം.എൽ.എ നേരത്തെ ബിജെപി നേതാവ് അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതുമായി ചേർത്തു വേണം ഗോവ ഗവർണറും കേന്ദ്ര ബിജെപി നേതൃത്വവുമായി ഏറെ അടുപ്പമുള്ള നേതാവുമായ പി.എസ് ശ്രീധരൻപിള്ളയും മോൻസ് ജോസഫും തമ്മിലുള്ള ചർച്ചയെ ചേർത്തു വായിക്കാൻ.