‘രാമക്ഷേത്ര’ ഭൂമിയിൽ തകർന്നുവീണ് ബിജെപി; അയോധ്യ അടങ്ങുന്ന ഫൈസാബാദിൽ ഇൻഡ്യാ മുന്നണിക്ക് ജയം

മൂന്നാമൂഴം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു അയോധ്യ രാമക്ഷേത്രം. എന്നാൽ ‘രാമക്ഷേത്ര’ ഭൂമിയിൽ ബിജെപി തകർന്നുവീണിരിക്കുകയാണ്. അയോധ്യ അടങ്ങുന്ന ഫൈസാബാദിൽ ഇൻഡ്യാ മുന്നണിക്കാണ് ജയം. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവദേഷ് പ്രസാദാണ് ബിജെപി സ്ഥാനാർഥി ലല്ലു സിങിനെ പരാജയപ്പെടുത്തി വിജയിച്ചത്. മൂന്നാമൂഴം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു അയോധ്യ രാമക്ഷേത്രം. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങൾ മാത്രം ശേഷിക്കെ നടന്ന ഉദ്ഘാടനം അടക്കം, രാമക്ഷേത്രത്തെ പ്രചാരണായുധമാക്കി ബിജെപി എല്ലാ വിധേനയും മുന്നേറുകയായിരുന്നു. മോദി അടക്കമുള്ള പല ബിജെപി നേതാക്കളും പ്രചാരണ വേദികളിൽ അയോധ്യ വിഷയമാക്കിയിയിരുന്നു. കോൺഗ്രസ് വന്നാൽ വീണ്ടും രാമക്ഷേത്രത്തിന് പൂട്ടിടുമെന്നും ക്ഷേത്രത്തെ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുമെന്നതടമുള്ള പലതരത്തിലുള്ള പ്രചാരണങ്ങളും ബിജെപി ഏറ്റുപിടിച്ചിരുന്നു.

Advertisements

ബുൾഡോസർ എവിടെ ഉപയോഗിക്കണമെന്ന് യോഗിയെ കണ്ടുപഠിക്കണമെന്ന വർഗീയ പരാമർശവും മോദി നടത്തിയത് അയോധ്യ രാമക്ഷേത്രത്തെ പരാമർശിച്ചപ്പോളായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാം ലല്ല വീണ്ടും പഴയപോലെ ടെന്റിലേക്ക് പോകുമെന്നതടക്കം എല്ലാ സൂത്രങ്ങളും ബിജെപി പ്രചാരണത്തിൽ പയറ്റിയിരുന്നു. ഇത്തരത്തിൽ രാമക്ഷേത്രത്തെ മുൻനിർത്തിയുണ്ടായ അതി വൈകാരികതയെയും, ഹിന്ദു ഏകീകരണത്തെയും മുതലെടുക്കാൻ ബിജെപി പതിനെട്ടടവും പയറ്റിയിരുന്നു. എന്നാൽ അതേ മണ്ഡലത്തിൽ ത്തന്നെ പിന്നിലായത് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരവികസനത്തിനായി പാവപ്പെട്ട ജനങ്ങളുടേതടക്കമുള്ള കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതും മറ്റുമടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് ഫൈസാബാദിൽ പ്രതിപക്ഷം പ്രചാരണം കടുപ്പിച്ചത്. ഇവയ്ക്ക് പുറമെ തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രതിപക്ഷം ചർച്ചയാക്കിയിരുന്നു. അവ ഫലം കണ്ടു എന്നതാണ് നിലവിലെ മുന്നേറ്റം നൽകുന്ന സൂചനകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ബിജെപിയുടെ കോട്ടയായ ഉത്തർപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ വെറും 30 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇൻഡ്യാ സഖ്യം 39 മണ്ഡങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നിർണായകമായി മാറിയ സംസ്ഥാനം ഇത്തവണ തങ്ങളെ കൈവിടുമോ എന്ന ഭയത്തിൽ കൂടിയാണ് നേതൃത്വം. എന്‍ഡിഎ സഖ്യം വിപുലമാക്കിയാണ് ബിജെപി ഇത്തവണ ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങിയത്. 74 സീറ്റില്‍ മത്സരിക്കുന്ന ബിജെപിയെക്കൂടാതെ നിഷാദ് പാര്‍ട്ടി 1, അപ്‌ന ദള്‍ 2, ആര്‍എല്‍ഡി 2, എസ്ബിഎസ്പി 1 എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യകക്ഷികള്‍. സമജ് വാദി പാര്‍ട്ടി നയിക്കുന്ന ഇന്‍ഡ്യ മുന്നണിയില്‍ എസ്പി 62, കോണ്‍ഗ്രസ് 17, തൃണമൂല്‍ കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്പി 79 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

2014 വിജയം അതേനിലയില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും 2019ല്‍ എന്‍ഡിഎ ഉത്തര്‍പ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്ക് 2019ല്‍ അക്ഷരാര്‍ത്ഥത്തില്‍ അടിത്തറയായത് ഉത്തര്‍പ്രദേശ് ആണെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. 2019ല്‍ ആകെ 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി 78 സീറ്റില്‍ മത്സരിച്ചപ്പോള്‍ അപ്‌നാദള്‍ രണ്ട് സീറ്റലാണ് മത്സരിച്ചത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മഹാഖഡ് ബന്ധന്‍ രൂപീകരിച്ച് സഖ്യത്തിലാണ് 2019ല്‍ മത്സരിച്ചത്. രാഷ്ട്രീയ ലോക്ദളും മഹാഗഡ് ബന്ധന്റെ ഭാഗമായിരുന്നു. ബിഎസ്പി 38 സീറ്റില്‍ മത്സരിച്ചപ്പോള്‍ എസ്പി 37 മണ്ഡലങ്ങളിലും രാഷ്ട്രീയ ലോക്ദള്‍ 3 മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. ജന്‍ അധികാര്‍ പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശില്‍ 2019ല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. കോണ്‍ഗ്രസ് 67 മണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ ജെഎന്‍പി മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും മഹാഖഡ് ബന്ധന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

2019ല്‍ 78 സീറ്റില്‍ മത്സരിച്ച ബിജെപി 62 സീറ്റുകളില്‍ വിജയിച്ചിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു ബിജെപി മുന്നേറ്റം. അപ്‌നാദള്‍ മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയുടെ സീറ്റ്‌നേട്ടം 64 ആയി മാറിയിരുന്നു. മഹാഖഡ്ബന്ധന്‍ സഖ്യത്തില്‍ ബിഎസ്പി 10 സീറ്റിലും എസ്പി അഞ്ച് സീറ്റിലും വിജയിച്ചിരുന്നു. ആര്‍എല്‍ഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ബിഎസ്പി 19.43 ശതമാനം വോട്ടുകളും എസ്പി 18.11 ശതമാനം വോട്ടുകളും നേടിയിരുന്നു. 67 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്ങ് സീറ്റായിരുന്ന അമേഠിയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഎപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. കോണ്‍ഗ്രസിന് 6.36 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2014ല്‍ മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ ബിജെപിയെ തുണച്ചത് ഉത്തര്‍പ്രദേശായിരുന്നു. 2014ല്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റുകളില്‍ 73 സീറ്റുകളിലും വിജയം എന്‍ഡിഎക്കൊപ്പമായിരുന്നു 71 സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ രണ്ട് സീറ്റില്‍ സഖ്യകക്ഷികളായ അപ്‌നാദളാണ് വിജയിച്ചത്. സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എസ്പി 78 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. 22.20 ശതമാനം വോട്ടാണ് എസ്പി നേടിയത്. 80 സീറ്റില്‍ മത്സരിച്ച ബിഎസ്പിക്ക് സീറ്റുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. 19.60 ശതമാനം വോട്ടുകളായിരുന്നു ബിഎസ്പിക്ക് നേടാന്‍ സാധിച്ചത്.രാഷ്ട്രീയ ലോക്ദളും, മഹന്‍ദളുമായി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് 67 സീറ്റില്‍ മത്സരിച്ചപ്പോള്‍ ആര്‍ജെഡി എട്ട് സീറ്റിലും മഹന്‍ദള്‍ മൂന്ന് സീറ്റിലുമാണ് മത്സരിച്ചത്. 2014ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 7.5 ശതമാനം വോട്ടുകളാണ്.

Hot Topics

Related Articles