കോട്ടയം: തീര്‍ത്ഥാടന കാലത്തെ വരുമാനം കൊണ്ടുമാത്രം വിവിധ വകുപ്പുകളെയും ദേവസ്വം ബോര്‍ഡിനെയും തീറ്റിപോറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിച്ച് അന്നദാതാവായ അയ്യപ്പസ്വാമിയുടെ അന്നം മുട്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി.രാമന് നായര്‍ അഭിപ്രായപ്പെട്ടു. ശബരിമല തീര്‍ത്ഥാടന കാലത്ത് കാലങ്ങളായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തി വരുന്ന മുന്നൊരുക്കങ്ങള്‍ സമയാധിഷ്ഠിതമായി നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിക്കുന്ന ഉപവാസ സമരം ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകരുടെ ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും എരുമേലിയിലും കാര്‍ഡിയാക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ഗുരുതര രോഗികള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കേണ്ട കോട്ടയം മെഡിക്കല്‍ കോളേജ് ഇന്ന് ഒരു മഴ പെയ്താല്‍ പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് മാറി. തീര്‍ത്ഥാടകര്‍ക്ക് വിരിവച്ച് വിശ്രമിക്കാന്‍ ആവശ്യമായ ഇടത്താവളങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, എരുമേലി തുടങ്ങിയ ഇടങ്ങളില്‍ ഒരുക്കം തുടങ്ങിയിട്ടില്ല. എരുമേലി ഷെല്‍ട്ടര്‍ പൊളിച്ചിട്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിശാ സൂചികകളും അപകടസൂചികകളും ഇല്ലാത്ത സഞ്ചാര യോഗ്യമല്ലാത്ത റോഡുകള്‍ അപകടം ക്ഷണിച്ചു വരുത്തും. തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ ധൃതഗതിയിലാക്കി ശബരിമല വിരുദ്ധ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണ മേനോന്, കെ.ജി. രാജ്മോഹന്‍, കെ.ഗുപ്തന്, തോമസ് ജോണ്‍, പി.കെ. രവീന്ദ്രന്, മേഖല പ്രസിഡന്റ് എന്‍. ഹരി, മേഖല വൈസ് പ്രസിഡന്റ്മാരായ ടി.എന്‍. ഹരികുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.പി. ഭുവനേഷ്, എം.ആര്. അനില്‍കുമാര്‍, റീബ വര്‍ക്കി ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, ലാല്‍ കൃഷ്ണ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. പ്രദീപ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മിത്രലാല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.എ. ഹരികൃഷ്ണന്, സി.എന്‍. സുഭാഷ്, കുമ്മനം പ്രതാപന്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.സി. മോഹന്‍ ദാസ്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തി മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.