കൊച്ചി: ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അണികൾ തുടർച്ചയായി എസ്.ഡി.പി.ഐ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ചെറുവിരലനക്കാതെ സംസ്ഥാനത്തെ സംഘപരിവാർ, ബി.ജെ.പി നേതൃത്വം. അണികൾ നിരന്തരമായി കൊല്ലപ്പെടുമ്പോഴും, സംഘപരിവാർ നേതൃത്വം മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ അതിക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ഇതിനു മുൻപ് തൃശൂരിലും സമാന രീതിയിൽ കൊലപാതകം നടന്നിരുന്നു. എന്നാൽ, രണ്ടിടത്തും എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ചെറുവിരലനക്കാനോ, പ്രതികരിക്കാനോ ബി.ജെ.പി നേതൃത്വം തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഈ കേസിലെ പത്രസമ്മേളനത്തിന് എത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ചിരി സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് പോലും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാർ ഗ്രൂപ്പുകൾ ഇപ്പോൾ ബി.ജെ.പി നേതാക്കൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടു മാസത്തിനിടെ തൃശൂരിലും പാലക്കാട്ടുമായി രണ്ട് ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എന്നാൽ, ഒരിടത്തും തിരിച്ചടിയുണ്ടായില്ലെന്നു മാത്രമല്ല പൊലീസിന്റെ ഭാഗത്തു നിന്നു കാര്യമായ അന്വേഷണവും ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലൊന്നും പ്രതികരിക്കാൻ ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വം തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരത്തിൽ കൊലപാതകങ്ങൾ അടിയ്ക്കടി നടക്കുമ്പോൾ മൗനം പാലിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം എന്ന കടുത്ത വിമർശനമാണ് ഉയരുന്നത്. പൊലീസിന്റെയും, എസ്.ഡി.പി.ഐയുടെയും ബി.ജെ.പി നേതാക്കളുടെയും ആക്രമണത്തെ നേരിട്ട് വേണം ഓരോ പ്രവർത്തകനും പ്രവർത്തിക്കാനെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പ്രാദേശിക നേതാക്കന്മാർ അടക്കമുള്ളവർ സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കു വേണ്ടി മാത്രം പാർട്ടിയെ ഉപയോഗിക്കുകയാണ് എന്ന വിമർശനമാണ് ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ഹൈജാക്ക് ചെയ്ത നേതാക്കൾ തങ്ങളുടെ പ്രവർത്തകർക്ക് യാതൊരു സംരക്ഷണവും ഒരുക്കുന്നില്ലെന്നും സംഘപരിവാർ ഗ്രൂപ്പുകളിൽ വിമർശനം ഉയരുന്നുണ്ട്. എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കിയെന്നു പോലും വിമർശനം ഉയരുന്നു.
കണ്ണൂരിലും കേരളത്തിലും അടക്കം പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ സി.പി.എം സ്വീകരിക്കുന്ന സമീപനം കണ്ടു പഠിക്കണമെന്ന നിർദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഗ്രൂപ്പുകളിൽ ഉയരുന്നത്.