കോട്ടയം: ബി കെ എം യു – കെഎസ് കെറ്റിയു സംയുക്ത ജില്ലാ കൺവെൻഷൻ കോട്ടയത്ത് സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ ചേർന്നു. അഖിലേന്ത്യാ കർഷക തൊഴിലാളി സംയുക്ത കൺവൻഷന്റെ തീരുമാനപ്രകാരം ആഗസ്റ്റ് 1ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് സംയുക്ത കൺവൻഷൻ സംഘടിപ്പിച്ചത്.
കർഷകതൊഴിലാളികളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ജീവിതാവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ തലത്തിൽ സമരങ്ങൾ സംഘടിപ്പിക്കുന്നത്.
പെട്രോൾ-പാചകവാതക വിലവർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, രാജ്യത്ത് സമൂലമായ ഭൂപരിഷ്ക്കാരം നടപ്പാക്കുക, ഭൂരഹിതരവും ഭവനരഹിതരുമായ കർഷകതൊഴിലാളികൾ, ദളിത് ആദിവാസി ജനവിഭാഗങ്ങൾക്ക് ഭൂമി, വീട് കൈവശരേഖ എന്നിവ ലഭ്യമാക്കുക, പൊതുവിതരണരംഗം ശക്തിപ്പെടുത്തുക, ദളിതർക്കെതിരായ അതിക്രമങ്ങൾ തടയുക, സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുക, കേന്ദ്രബജറ്റിൽ പട്ടികജാതി-പട്ടികവർഗ്ഗ ഉപപദ്ധതിക്കുള്ള മതിയായ വിഹിതം നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗസ്റ്റ് 1ന് രാവിലെ 10ന് കോട്ടയം പഴയ പൊലീസ്റ്റേഷൻ മൈതാനം കേന്ദ്രീകരിച്ച് കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തും.
ബി കെ എം യു ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ബി കെ എം യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, ട്രഷറർ എം പി ജയപ്രകാശ്, ബി കെ എം യു ജില്ലാ പ്രസിഡണ്ട് സൗദാമിനി തങ്കപ്പൻ , ഏ കെ ബാബു, പി കെ മോഹനൻ വി വൈ പ്രസാദ് എന്നിവർ പ്രസംഗിച്ചു.