പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂർ സ്വദേശിയും യുവമോർച്ച പ്രാദേശിക നേതാവുമായി പ്രതിയായ സന്തോഷ്. ബ്ലേഡ് പലിശക്കാരൻ കൂടിയായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് പ്രവീൺ എന്ന യുവാവ് ജീവനൊടുക്കിയത്. സന്തോഷ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് 29 കാരനായ പ്രവീൺ അർദ്ധരാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ചതെന്നാണ് ആരോപണം. പ്രവീണിന്റെ മരണത്തിന് പിന്നാലെ സന്തോഷ് ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോൺ പ്രതി സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിന് ബുദ്ധിമുട്ടായത്.
പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ വീടിനകത്താണ് പ്രവീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്തെ പലിശക്കാരിൽ നിന്ന് പ്രവീൺ പലപ്പോഴായി ചെറിയ തുകകൾ കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതോടെ പലിശക്കാർ നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്വം തനിക്കു മാത്രമാണ് എന്നുമാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. കിണാവല്ലൂരിലെ ഭൂരിഭാഗം പേരും കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ഇവർക്കിടയിൽ ബ്ലേഡ് മാഫിയ സജീവമാണ്. പക്ഷെ ഭീഷണി ഭയന്ന് ആരും ഇക്കാര്യം പുറത്ത് പറയാറില്ല. ജീവനൊടുക്കിയ പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു.
യുവാവിന്റെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്
Advertisements