ആലപ്പുഴ: ആലപ്പുഴ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിൻ്റെ ജഡം ദഹിപ്പിച്ചത് രണ്ടുദിവസമെടുത്ത്. 30 ടൺ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് തിമിംഗലത്തിന് ചിതയൊരുക്കിയത്. കടുത്തുരുത്തിയിൽ നിന്നുള്ള സംഘമെത്തിയാണ് തിമിംഗലത്തെ മറവുചെയ്തത്. കഴിഞ്ഞ 30-ാം തീയതി വൈകിട്ടാണ് ഒറ്റമശേരി കടൽത്തീരത്ത് 50 ടണ്ണോളം തൂക്കമുള്ള നീല തിംമിംഗലത്തിന്റെ ജഡം അടിഞ്ഞത്.ആലപ്പുഴ തഹസിൽദാർ കെ ആർ മനോജിന്റെ ആവശ്യപ്രകാരമാണ് കടുത്തുരുത്തി സ്വദേശി പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പ് തിമിംഗലത്തെ ദഹിപ്പിക്കാനെത്തിയത്. 10ഓളം തൊഴിലാളികളാണ് തിമിംഗലത്തെ ദഹിപ്പിക്കാനായി ഗിരീഷിന്റെ ഒപ്പം സംഭവസ്ഥലത്തെത്തിയത്. നാല് ലക്ഷം രൂപയാണ് ഇതിനായി ചെലവായത്.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഭാഗമായുണ്ടായ മൊബൈൽ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളമാണ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം ജോലി ചെയ്തിരുന്നത്. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാൻ ആലപ്പുഴയിലെ ഉദ്യോഗസ്ഥർ ഗിരീഷിന്റെ സേവനം തേടിയിരുന്നു.