കോട്ടയം: ചുമട്ടുതൊഴിലാളി നിമയം ഭേദഗതി ചെയ്യുക, ത്രികക്ഷി ചർച്ചയിലൂടെ കരാറാക്കിയ കൂലി വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, മിനിമം പെൻഷൻ 5000 രൂപയാക്കുക, അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളികൾക്കടക്കം 26 എ കാർഡുകൾ നിർത്തലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറൽ മസ്ദൂർ സംഘം ( ബി.എം.എസ്) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ധർണയിൽ യൂണിയൻ പ്രസിഡന്റ് എസ്.എസ് ശ്രീനിവാസപിള്ള അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ട്രഷറർ വി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മൂന്നു ലക്ഷത്തിലധികം വരുന്ന തൊഴിലാളി സമൂഹത്തിന്റെ തൊഴിൽ സംരക്ഷിക്കുകയും ജീവിക്കാനുള്ള അവകാശങ്ങൾ ലഭ്യമാക്കണമെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു. ധർണയിൽ ബി.എം.എസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.വിനയകുമാർ, ജില്ലാ സെക്രട്ടറി പി.ആർ രാജീവ്, യൂണിയൻ ഖജാൻജി പി.കെ തങ്കച്ചൻ, കെ.ആർ രതീഷ്, വി.ആർ രഞ്ജിത്ത്, എ.പി കൊച്ചുമോൻ, കെ.ആർ രതീഷ് ചന്ദ്രൻ, ഷാനി തമ്പി എന്നിവർ പ്രസംഗിച്ചു.