കൊച്ചി : ബി.ജെ.പി. കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി പ്രകടിപ്പിച്ചതോടെ സംസ്ഥാന നേതൃത്വം അഴിച്ചുപണി ഭീഷണിയിൽ. കേരള സന്ദർശന വേളയിൽ കൊച്ചിയിൽ ചേർന്ന ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിലാണു മോദി വിമർശനം ഉന്നയിച്ചത്. സംസ്ഥാന നേതാക്കൾ അവകാശപ്പെടുന്നതു പോലുള്ള വളർച്ച പാർട്ടിക്ക് കേരളത്തിൽ ഉണ്ടാവുന്നില്ലെന്നായിരുന്നു മോദിയുടെ വിമർശനം.
തെരഞ്ഞെടുപ്പുകളിൽ പ്രവർത്തന നേട്ടം പ്രതിഫലിക്കുന്നില്ല. പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുള്ള സമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ കഴിയുന്നില്ല. അവകാശപ്പെടുമ്പോലെ കേരളത്തിൽ സംഘടനാ പ്രവർത്തനങ്ങൾ സജീവമല്ല.-മോദി വിമർശിച്ചു. ഈ വിമർശനങ്ങൾക്കു പിന്നാലെയാണ് പ്രകാശ് ജാവദേക്കറെ പാർട്ടി കേരള ഘടകത്തിന്റെ ചുമതല ഏൽപ്പിച്ചത്.
നേതൃനിരയിൽ പുതുമുഖങ്ങൾ വരണമെന്ന മോദിയുടെ നിർദേശവും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബി.ജെ.പിക്കു വോട്ടു ശതമാനം കുറഞ്ഞതിനെ ന്യായീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാനും ആർ.എസ്.എസിന്റെ പ്രവർത്തനം ഏകോപിപ്പിക്കാനും ജാവദേക്കറിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ബി.ജെ.പിയിലെ പാരമ്പര്യവാദികളിൽ പ്രധാനിയായ ജാവദേക്കർ പരിസ്ഥിതി വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകൾ കേരളത്തിന് അനുകൂലമാണെന്ന് പാർട്ടി കരുതുന്നു.
ഇതിനിടെ, അമിത് ഷാ കേരള ബി.ജെ.പിയുടെ താഴെത്തട്ടു മുതലുള്ള പ്രവർത്തനങ്ങൾ മനസിലാക്കാൻ തിരുവനന്തപുരം സന്ദർശന വേളയിൽ പ്രത്യേകം സമയം കണ്ടെത്തിയതും കേരള നേതാക്കളെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചകളിൽനിന്ന് അമിത് ഷായ്ക്കു ലഭിച്ച സന്ദേശം പാർട്ടി കേരള ഘടകത്തിന്റെ അഴിച്ചുപണിയിലേക്കു നയിച്ചേക്കുമെന്നാണു സൂചന.