മലപ്പുറം: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോർക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. അബ്ദുല്‍ റഹീമിനെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. റഹീമിനായി പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ തുക റഹീമിന്റെ പുനരധിവാസത്തിന് ചെലവഴിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു,
ഉപജീവനത്തിനായി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ആൻഡ് റീട്ടെയില്‍ ഷോപ്പ് വച്ചുകൊടുക്കും. ഒരാഴ്ച മുൻപ് താൻ റഹീമിനായി യാചകയാത്ര തുടങ്ങുമ്പോള്‍ നിയമസഹായ സമിതിയുടെ അക്കൗണ്ടില്‍ 2.40 കോടിയാണ് ഉണ്ടായിരുന്നത്. അതിനുശേഷം പല സംഘടനകളും മനുഷ്യസ്‌നേഹികളും കൈകോർത്തു. ബോച്ചെ ഫാൻസ് ചാരിറ്റബിള്‍ ട്രസ്റ്റ് എല്ലാ ജില്ലകളിലും പ്രവർത്തിച്ചു. എല്ലാവരുടെയും ശ്രമഫലമായി പെട്ടെന്ന് തന്നെ 34 കോടി രൂപ സമാഹരിക്കാനായെന്നും എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ദയാധനത്തിലേക്ക് ബോബി ചെമ്മണ്ണൂർ ഒരു കോടി രൂപ കൈമാറി . ഇന്ന് വൈകിട്ട് ആറോടെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ക്കാണ് ചെക്ക് കൈമാറിയത്. അബ്ദുല്‍ റഹീം നിയമസഹായ സമിതിക്ക് തുക കൈമാറുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.പാണക്കാട്ട് ബോബി ചെമ്മണ്ണൂരിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും സ്വീകരിക്കാനെത്തി.