കൊച്ചി : ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി. പക്ഷേ കൂടുതൽ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.