ന്യൂഡൽഹി : ബോഡി ബില്‍ഡിംഗിനായി പ്രോട്ടീൻ പൗഡറും മറ്റുസപ്ലിമെന്റുകളും വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ മുൻ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. അനീഷ് ശര്‍മ, ഗോവിന്ദ് എന്നിവരാണ് പിടിയിലായത്. പത്തൊമ്ബതുകാരിയുടെയും പിതാവിന്റെയും പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അനീഷാണ് ഭീഷണിമുഴക്കിയത്. ആറാം ക്ളാസുമുതല്‍ പരാതിക്കാരിയെ അനീഷിന് അറിയാമായിരുന്നു. കുറച്ചുനാള്‍ മുമ്ബ് ഇരുവരും അടുപ്പത്തിലായി. ബന്ധം ശക്തമായതോടെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ പാസ്വേഡുകള് കൈമാറിയിരുന്നു. അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അനീഷ് പാസ്വേഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ കയറി സന്ദേശങ്ങള്‍ പരിശോധിക്കുന്നത് പതിവാക്കി. ഇതിനിടയില്‍ അവളുടെ ചില സ്വകാര്യ ചിത്രങ്ങള്‍ കണ്ടെത്തുകയും അവ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കൂട്ടുകാരനായ ഗോവിന്ദിന് അയച്ചുകൊടുത്തു. ഇരുവരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.
അജ്ഞാത സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. അദ്ദേഹത്തിനും ഇതിനിടയില്‍ ഇത്തരത്തിലുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണിസന്ദേശം വന്ന അക്കൗണ്ടിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചു.അശോക് വിഹാറില്‍ നിന്നാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് വ്യക്തമായതോടെ കൂടുതല്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പ്രോട്ടീൻ പൗഡര്‍ വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഭീഷണിസന്ദേശം അയച്ചതെന്ന് അനീഷ് സമ്മതിച്ചത്. അടുത്തിടെയാണ് ഇയാള്‍ ജിമ്മില്‍ ചേര്‍ന്നത്. ഇറക്കുമതിചെയ്ത പ്രോട്ടീൻ പൗഡര്‍ കഴിച്ചാല്‍ എളുപ്പത്തില്‍ മസില് കൂട്ടാനാവുമെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്.