മലേഷ്യ: 2014 മാർച്ച് എട്ടിന് പതിവ് പോലെ 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയർലൈന്‍സിന്‍റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായി. ഇത്രയും ആളുകളെയും കൊണ്ട് ഇത്രയും വലിയൊരു വിമാനം ഏങ്ങോട്ട് പോയെന്ന് മാത്രം ആരും കണ്ടില്ല. പിന്നാലെ പല സിദ്ധാന്തങ്ങളും രൂപം കൊണ്ടു.
വിമാനം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകർന്ന് വീണെന്ന് വാദത്തിനായിരുന്നു കൂടുതല്‍ സ്വീകാര്യത. പക്ഷേ, ഒരു പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബോയിംഗ് 777 വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370 മായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. തായ്‍ലൻഡ് ഉൾക്കടലിന് മുകളിലൂടെ വിയറ്റ്നാം വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച വിമാനം ട്രാൻസ്പോണ്ടർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റുമരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കൻ മലേഷ്യയ്ക്ക് മുകളിലൂടെ പറക്കാനായി തെക്കോട്ട് തിരിയുന്നതിനുമുമ്പ് വിമാനം ആൻഡമാൻ കടലിലേക്ക് പറന്നതായി സൈനിക റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നു.
വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്ന് കരുതുന്നു. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്നാണ് വിദഗ്ദാഭിപ്രായം. 2018 -ലാണ് അവസാനമായി വിമാനത്തിനായി തിരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍ നടത്തിയ പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തിരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഇത്തവണ 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടലിലാണ് തിരച്ചില്‍ നടക്കുക. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ കമ്പനിക്ക് 70 മില്യൺ ഡോളറാണ് (ഏകദേശം 594 കോടി രൂപ) ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനത്തില്‍ 150 ഓളം ചൈനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം 50 മലേഷ്യക്കാരും ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുക്രൈയ്ൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ കൂട്ടത്തിലുണ്ട്. മലേഷ്യന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തെ അന്ന് കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു.