പാലാ : കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പുസ്തകങ്ങളുടെ വൻ ഗോപുരം നിർമ്മിച്ച് പാലാ സെന്റ് തോമസ് കോളേജ് ലൈബ്രറി. പ്രാഗിലെ മുൻസിപ്പൽ ലൈബ്രറിയിലെ ഇൻഫിനിറ്റി ബുക്ക് ടവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അറിവിന്റെ ശേഖരങ്ങളായ രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉപയോഗിച്ച് ലൈബ്രറിയിൽ ഇൻഫിനിറ്റി ബുക്ക് ടവർ ഒരുക്കിയിരിക്കുന്നത് എന്ന് ലൈബ്രേറിയൻ റവ.ഫാ.ജുബിൻ വാഴക്കപ്പാറ വ്യക്തമാക്കി. വിവിധ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പ്രദർശനവും ഇതിനോടൊപ്പം നടത്തപ്പെടുന്നുണ്ട്.
പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്, അലമാരകളിൽ നിന്ന് പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്, കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുസ്തകങ്ങളുംതുടങ്ങിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ഫ്ലയിങ് ബുക്ക്സ് എന്ന കലാവിഷ്കാരവും ശ്രദ്ധേയമാണ്. സന്ദർശകർക്ക് കൗതുകവും വിസ്മയവും നിറഞ്ഞ അറിവിന്റെ അക്ഷയ ലോകം തുറന്ന് നൽകുകയാണ് പാലാ സെന്റ് തോമസ് കോളേജ് ലൈബ്രറി. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശന സമയം.