ന്യൂഡല്‍ഹി: ട്രംപിൻറെ ഉപദേശകനായ പീറ്റർ നവാരോ നടത്തിയ പരാമർശങ്ങള്‍ക്കെതിരേ ഇന്ത്യ. റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ വിമർശിക്കവേ, ‘ഇന്ത്യൻ ജനതയുടെ ചെലവില്‍ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെ’ന്ന് നവാരോ നടത്തിയ പ്രസ്താവന തെറ്റാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീർ ജയ്സ്വാള്‍ പറഞ്ഞു.നവാരോ, തെറ്റായതും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവന നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ആ പ്രസ്താവനയെ ഞങ്ങള്‍ തള്ളിക്കളയുന്നു, ജയ്സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായി പ്രവർത്തിക്കുന്ന നവാരോ കഴിഞ്ഞ മാസം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങള്‍ നടത്തിയത്.
ഇന്ത്യയുടെ വർധിച്ചുവരുന്ന റഷ്യൻ എണ്ണ ഇറക്കുമതിയെ അദ്ദേഹം വിമർശിക്കുകയും, ഇന്ത്യയിലെ ബ്രാഹ്മണ സമൂഹം സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെയും അദ്ദേഹം വിമർശിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം’ എന്തിനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും അടുത്ത ബന്ധം പുലർത്തുന്നതെന്നും നവാരോ ചോദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിന് മുൻപ് 2022 ഫെബ്രുവരിയില്‍, ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വളരെ കുറവായിരുന്നുവെന്ന് നവാരോ വാദിച്ചു. എന്നാല്‍ അതിനുശേഷം, ഇറക്കുമതി ഗണ്യമായി വർധിച്ചു. റഷ്യൻ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് ഇന്ത്യ വീണ്ടും കയറ്റുമതി ചെയ്യുകയാണെന്നും ഇത് ‘റഷ്യയുടെ യുദ്ധയന്ത്രത്തിന്’ ഇന്ധനം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.