കൊച്ചി: ബ്രഹ്മപുരത്തെ മാല്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്നത് ശമിപ്പിക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. നാല് മീറ്റർ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
അതേസമയം, വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കൺവാടികൾ, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപറേഷന് നിർദേശം നൽകി.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.