ബ്രസീൽ: പ്രദേശത്തെ പാലം തകരാറിലാണെന്നും പ്രശ്നം അധികാരികള്‍ എത്രയും പെട്ടെന്ന് പരിഹരക്കണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലർ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ പാലം മൊത്തമായി ഇടിഞ്ഞ് നദിയിലേക്ക് വീണു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ബ്രസീലിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്.
ബ്രസീലിലെ മാരന്‍ഹാവോ സംസ്ഥാനത്തിലെ എസ്ട്രീറ്റോയെയും രാജ്യത്തിന്‍റെ വടക്കന്‍ മേഖലയിലെ ടോകാന്‍റിന്‍സിലെ അഗിയാര്‍നോപോളിസിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാൾ മരിക്കുകയും നദിയിലേക്ക് വലിയൊരളവില്‍ സൾഫ്യൂരിക്ക് ആസിഡ് ഒഴുകുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഗിയാർനോപോളിസ് സിറ്റി കൗൺസിലർ ഏലിയാസ് ജൂനിയറും അദ്ദേഹത്തിന്‍റെ ക്യാമറാമാനും കൂടി പാലം തകരാറിലാണെന്ന് അധികാരികളെ അറിയിക്കുന്നതിനായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാലത്തിന് സമീപത്തെ ഭൂമിയില്‍ നിരവധി വിള്ളലുകള്‍ വീണിട്ടുണ്ടെന്നും അതിനാല്‍ പാലം അപകടാവസ്ഥയിലാണെന്നും ചൂണ്ടിക്കാണിച്ച് പാലത്തിന് സമീപത്തേക്ക് അദ്ദേഹം നടക്കുന്നതിനിടെ ഒരു കാര്‍ പാലത്തിലൂടെ കടന്ന് പോകുന്നു. പിന്നാലെ കാമറാമാന്‍ ഭയത്തോടെ ശബ്ദമുണ്ടാക്കിക്കൊണ്ട് പിന്നിലേക്ക് ഓടുന്നതിനിടെ പാലം തകര്‍ന്ന് നദിയിലേക്ക് വീഴുന്നത് കാണാം.
ഈ സമയം പാലത്തിലൂടെ കടന്ന് പോകുന്നതിനായി ഒരു പുരുഷനും സ്ത്രീയും എത്തുകയും പെട്ടെന്ന് ബ്രേക്ക് പിടിച്ച് നില്‍ക്കുന്നതും കാണാം. ഇവരുടെ തൊട്ട് മുന്നിലായാണ് പാലം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് ട്രക്കുകളും ഒരു കാറും ഒരു ബൈക്കും 50 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട ഒരു ടാങ്കറില്‍ നിന്നുള്ള സൾഫ്യൂരിക് ആസിഡാണ് നദിയിലേക്ക് ചോര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1960 -ലാണ് ഈ പാലം നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന വടക്കൻ നഗരമായ ബെലെമുവുമായി ബ്രസീലിയ നഗരത്തെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.