ദില്ലി : ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതോടെ, വിശദീകരണവുമായി വൃന്ദ കാരാട്ട് പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് വൃന്ദ കാരാട്ടിന്റെ വിശദീകരണം. സ്വതന്ത്ര വ്യക്തിത്വവും പ്രകാശ് കാരാട്ടിൻറെ ഭാര്യ എന്നതും കൂട്ടിക്കുഴച്ച് തന്നെ അവഗണിക്കാൻ ശ്രമിച്ചുവെന്ന സൂചന വൃന്ദ കാരാട്ട് പുസ്തകത്തിൽ നല്കുന്നത് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് വിശദീകരണം.
എൻ എജ്യുക്കേഷൻ ഫോർ റീത എന്ന പേരിൽ വൃന്ദ കാരാട്ട് എഴുതിയ ഓർമ്മകുറിപ്പുകളിലെ ചില വരികളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രകാശ് കാരാട്ട് ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന കാലത്ത് തന്റെ പ്രവർത്തനവും പ്രകാശുമായുള്ള ബന്ധവും ചേർത്തു വായിക്കുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് വൃന്ദ കാരാട്ട് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ പിന്നീട് പാർട്ടിയിൽ കൂടുതൽ ചുമതലകളിൽ എത്തിയപ്പോൾ ഇത് മാറി. പാർട്ടി പ്രവർത്തക, കമ്മ്യൂണിസ്റ്റ് സ്ത്രീ എന്നിങ്ങനെയുള്ള തൻറെ സ്വത്വത്തെ പ്രകാശിൻറെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. രാഷ്ട്രീയ ഭിന്നതകളുടെ കാലത്ത് ഇത് രൂക്ഷമായെന്നും വൃന്ദ വിശദീകരിക്കുന്നു. പാർട്ടിയിൽ ഇക്കാര്യം ചർച്ചയായതോടെയാണ് വൃന്ദ കാരാട്ട് വിശദീകരണം നല്കിയത്. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്നെ ഭാര്യയായി ഒതുക്കി എന്ന ഒരു പത്രത്തിൻറെ തലക്കെട്ട് അസത്യമാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
പുസ്തകത്തിന് പാർട്ടിയുടെ അനുമതി തേടിയിരുന്നു എന്നാണ് വൃന്ദ കാരാട്ടിൻറെ വിശദീകരണം. എന്നാൽ ഇത് അറിയില്ലെന്ന് ചില ഉന്നത നേതാക്കൾ വിശദീകരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിക്കാൻ തയ്യാറായില്ല. പ്രകാശ് കാരാട്ടും ഭാര്യയും ചേർന്ന് തീരുമാനമെടുക്കുന്നു എന്നൊക്കെ പ്രചാരണം വന്നപ്പോൾ പാർട്ടിയിലെ ഒരു വിഭാഗവും അതിനെ പിന്തുണച്ചു എന്ന സൂചന വരികൾക്കിടയിലൂടെ വൃന്ദ നല്കുന്നുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിലെ നീരസം കൂടി പ്രകടമാക്കുന്നതാണ് അവഗണ സൂചിപ്പിക്കുന്ന വൃന്ദയുടെ വാക്കുകൾ.