തൃശൂർ: കുടുംബപരമായുള്ള സ്വത്തു തർക്കം നിലനിൽക്കുന്നതിനിടെ അസുഖബാധിതനായി അബോധാവസ്ഥയിൽ കിടക്കുന്ന പിതാവിനെ കാണാനെത്തിയ സഹോദരൻ തർക്കത്തിനിടെ സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചു. സംഭവത്തിനുശേഷം അസുഖബാധിതനായ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. കടവല്ലൂർ തിപ്പിലശ്ശേരിയിലാണ് ദാരുണമായ സംഭവം. കടവല്ലൂർ തിപ്പിലശ്ശേരി കോടതിപ്പടി മഠപ്പാട്ട് പറമ്പിൽ കുഞ്ഞുമോനാണ് (53) ആളൊഴിഞ്ഞ തറവാട്ടു പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചത്. പിതാവ് അബൂബക്കറാണ് (94) ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
അബൂബക്കറിന്റെ മകൾ ഹസീനയെ (40)യാണ് കുഞ്ഞുമോൻ കുത്തി പരിക്കേൽപ്പിച്ചത്. ഹസീനയുടെ പേരിലാണ് പിതാവ് അബുബക്കർ തറവാട് വീടും പറമ്പും എഴുതിവെച്ചിട്ടുള്ളത്. കിടപ്പു രോഗിയായ അബൂബക്കറെ പരിചരിക്കുന്ന സഹോദരിയുടെ പേരിൽ സ്വത്ത് എഴുതിവെച്ചതിനെതിരെ കാലങ്ങളായി പിക്കപ്പ് വാൻ ഡ്രൈവറായിരുന്ന സഹോദരൻ കുഞ്ഞുമോനും ഹസീനയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇരുവരും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ മറ്റ് സഹോദരങ്ങൾ ഇടപ്പെട്ടിരുന്നില്ല. ഇതിനിടെ പിതാവ് അബൂബക്കറെ കാണുവാൻ രണ്ടു ദിവസങ്ങൾക്കു മുമ്പ് കുഞ്ഞുമോൻ വന്നപ്പോൾ ഹസീന സഹോദരനെ തടയുകയും പരസ്പരം സംഘർഷം ഉണ്ടാവുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സഹോദരൻ വീടുകയറി ആക്രമിച്ചു എന്ന് ആരോപിച്ച് ഹസീന കുഞ്ഞുമോനെതിരെ കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ പിതാവ് അബൂബക്കറെ കാണുവാൻ കുഞ്ഞുമോൻ വന്നപ്പോൾ ഹസീന തടഞ്ഞു. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടയാണ് ഹസീനയെ കത്തിയെടുത്ത് കുത്തിയത്. സഹോദരിയെ കുത്തിയ മാനോവിഷമത്തിൽ കുഞ്ഞുമോൻ തൂങ്ങിമരിക്കുകയായിരുന്നു. പിന്നീടാണ് അസുഖബാധിതനായി കിടന്ന പിതാവ് അബൂബക്കർ ഹൃദയസ്തംഭനം മൂലം മരിച്ചത്.ചെവിക്ക് പിറകിൽ കഴുത്തിൽ കുത്തേറ്റ ഹസീനയുടെ പരിക്ക് ഗുരുതരമല്ല.
പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രാഥമിക ശ്രൂശ്രൂഷക്ക് ശേഷം ഹസീന വീട്ടിലെത്തി പിതാവിന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. സംഭവമറിഞ്ഞ് കുന്നംകുളം എസ് ഐ പോളിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.