തിരുവനന്തപുരം : സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബിഎസ്സി നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്കി. ചരിത്രത്തിലാദ്യമായാണ് ബിഎസ്സി നഴ്സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
നഴ്സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി- പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ഒക്ടോബര്‍ 31 വരെ നഴ്സിംഗ് വിഭാഗങ്ങളില്‍ അഡ്മിഷൻ നടത്താൻ ഇന്ത്യൻ നഴ്സിംഗ് കൗണ്‍സില്‍ അനുമതി നല്കി. സ്വാശ്രയ മാനേജ്മെന്റുകളുടെ അഭ്യര്‍ത്ഥനയും, പുതിയ കോളേജുകള്‍ ആരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 31 വരെ അഡ്മിഷൻ നടത്താൻ കഴിയും. ഇതിന്റെയടിസ്ഥാനത്തില്‍ ബിഎസ്സി നഴ്സിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂള്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാൻ മന്ത്രി നിര്‍ദേശം നല്കി.