കോട്ടയം: നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ വഴി ബി എസ് എൻ എല്ലിന്റെ 35100 കോടിയുടെ ആസ്തികൾ കൈമാറുന്നതിനെതിരെ ജീവനക്കാരും വിരമിച്ചവരും കരാർ തൊഴിലാളികളും കോട്ടയം ടെലിഫോൺ എക്‌സ്‌ചേഞ്ചിനു മുമ്പിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇൻഡ്യാ ബി എസ് എൻ എൽ – ഡി ഓ റ്റി പെൻഷനേഴ്‌സ് യൂണിയൻ, കാഷ്വൽ കോൺട്രാക്ട് വർക്കേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യവ്യാപകമായി നടന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ചങ്ങല തീർത്ത് ബി എസ് എൻ എൽ സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തത്. പ്രതിജ്ഞയ്ക്കു ശേഷം ചേർന്ന പൊതുയോഗം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ.സോജൻ, ഓൾ ഇൻഡ്യാ ബി എസ് എൻ എൽ – ഡി ഓ റ്റി പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.എൻ. നന്ദപ്പൻ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2.86 ലക്ഷം കി.മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളും 14917 ടവറുകളും കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കുക, 4 ജി സർവ്വീസ് ആരംഭിക്കുന്നതിന് അനാവശ്യമായി സൃഷ്ടിക്കുന്ന തടസ്സങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ സംഘടനകളുടെ ജില്ലാ, സംസ്ഥാന ഭാരവാഹികളായ കെ.ഇ. അബ്രഹാം, മനു ജി പണിക്കർ, വി.കാർത്തികേയൻ, സാബു ടി. കോശി എന്നിവർ ചങ്ങലയുടെ ആദ്യ കണ്ണികളായി.