കൊച്ചി : ചാലക്കുടിയില്‍ ഷീലാ സണ്ണി എന്ന സ്ത്രീയുടെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വ്യാജ ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഷീലയുടെ ബന്ധുവായ യുവതി. ലഹരിമരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാട്ടി ഷീലയുടെ മരുമകളുടെ അനുജത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഷീലയ്ക്ക് തന്റെ കുടുംബത്തോട് വ്യക്തിവിരോധമുണ്ടെന്നും യുവതി ആരോപിച്ചു. കടബാധ്യത തീര്‍ക്കാൻ 10 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ പേരില്‍ ഭൂമി നല്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന് തടസം നിന്നതില്‍ തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്. അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നുമാണ് യുവതി ഹര്‍ജിയില്‍ പറയുന്നു.