ജിദ്ദ: ആയിരം മീറ്റർ അതവാ ഒരു കിലോമീറ്റർ ഉയരത്തിൽ ഒരു കെട്ടിടം. അതായത് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിതിയായ ബുർജ് ഖലീഫയെക്കാൾ വലിയ കെട്ടിടം. 830 മീറ്ററിൽ 163 നിലകളിലായിട്ടാണ് ബുർജ് ഖലീഫ പണിതിരിക്കുന്നത്. എന്നാൽ സൗദിയിലെ ജിദ്ദയിൽ നിർമ്മിക്കുന്ന ജിദ്ദ ടവറിന്റെ ഉയരം ആയിരം മീറ്റർ ആണ്. ദുബായിലെ ബുർജ് ഖലീഫയെക്കാൾ 170 മീറ്റർ അധികം വരും. 2028ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിച്ചിരിക്കുന്നത്. ജിദ്ദ ഇക്കണോമിക് കമ്ബനി (ജെ.ഇ.സി)യാണ് കെട്ടിടത്തിന്റെ നിർമാണം നടത്തുന്നത്. നേരത്തെ കെട്ടിട നിർമാണം ആരംഭിച്ചിരുന്നുവെങ്കിലും സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നാലെ മുടങ്ങുകയായിരുന്നു. നിർമാണം അതിവേഗത്തിൽ മുന്നോട്ടുപോകുന്നതിനിടെ 2017ലാണ് ജിദ്ദ ടവറിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഏഴ് പേരെ സൗദി ഭരണകൂടം അഴിമതി കേസിൽ അറസ്റ്റ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഴിമതി കേസിൽ അറസ്റ്റ് നടപടിയുണ്ടായെങ്കിലും പിന്നെയും ഒരു വർഷത്തോളം നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയായിരുന്നു. തുടർന്ന് ,സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും കൊവിഡ് മഹാമാരിയും കാരണം നിർമാണം നിർത്തിവയ്ക്കേണ്ടിവരികയായിരുന്നു. 157 നിലയുള്ള കെട്ടിടത്തിന്റെ 63 നിലകളും ഇതിനോടകം നിർമാണം പൂർത്തിയായിട്ടുണ്ട്. 15,969 കോടി രൂപയുടേതാണ് നിർമാണ കരാർ.
സൗദിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്ബനിയായ ബിൻ ലാദൻ ഗ്രൂപ്പിനാണ് ടവറിന്റെ നിർമാണ ചുമതല. 2017ലെ അഴിമതി വിരുദ്ധ ക്യാംപയിനിൽ ബിൻ ലാദൻ ഗ്രൂപ്പിന്റെ ചെയർമാൻ ബക്കർ ബിൻ ലാദനും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. തീവ്രവാദ സംഘടനയായ അൽ ഖ്വയിദയുടെ നേതാവ് ഒസാമ ബിൻ ലാദന്റെ അർദ്ധ സഹോദരനാണ് ബക്കർ.