കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവത്തിൽ നേരറിയാൻ വൈക്കം പൊലീസ്. ഇരുബസുകാരും പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് വൈക്കം പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അപകട സമയത്ത് എം.ആന്റ് എം. ബസിനുള്ളിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും കണ്ടെത്താനും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എം.ആന്റ്.എം ബസും ആവേമരിയ ബസും തമ്മിലുള്ള തർക്കമാണോ ഈ പരാതിയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയെടുക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4.45 ന് കോട്ടയം – എറണാകുളം റൂട്ടിൽ അപ്പാഞ്ചിറയിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന എം.ആന്റ് എം ബസിലെ ഡ്രൈവർക്ക് നേരെയാണ് അതിക്രമം ഉണ്ടായതായി പരാതി ഉയർന്നിരിക്കുന്നത്. എം. ആന്റ് എം ബസ് പറഞ്ഞു വിടുന്നതിന് എന്ന പേരിൽ ആവേമരിയ ബസിലെ ജീവനക്കാരൻ മനു ഈ ബസിനുള്ളിലുണ്ടായിരുന്നു. ബസ് വൈകിയെന്ന് ആരോപിച്ച് മനു എം. ആന്റ് എം ബസിന്റെ ഡ്രൈവർ കണ്ണന്റെ കഴുത്തിന് കുത്തി പിടിക്കുകയായിരുന്നുവെന്നും, ഇതേ തുടർന്നു ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടി വിടീക്കാൻ കണ്ണൻ കുതറിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി. ഇതേതുടർന്ന് പെട്ടെന്ന് കണ്ണൻ ബസ് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം ബസിന് പിന്നാലെ എത്തിയ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സഞ്ചരിച്ച ബൈക്ക് ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്നു, കേസെടുത്ത പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയായിരുന്നു. വൈക്കം – കടുത്തുരുത്തി പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഭവ സമയത്ത് ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായാണ് പൊലീസ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാരെ വിളിച്ചു വരുത്തിയ ശേഷം ഇവരുടെ മൊഴിയെടുക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായോ എന്നു കണ്ടെത്തുന്നതിനൊപ്പം സംഭവത്തിനു പിന്നിലെ സത്യം അറിയുന്നതിനുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗവും അക്രമവും ഇതിലൂടെ തടയുകയാണ് പൊലീസ് ലക്ഷ്യമിട്ടിരിക്കുന്നത്.