തൃശൂർ : ബസ് ചാര്‍ജായ അഞ്ചു രൂപയില്ലാത്തതിന് ആറാംക്ലാസുകാരിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. പഴമ്ബാലക്കോട് എസ്.എം.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ബസില്‍ ദുരനുഭവം നേരിട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. തിരുവില്വാമല കാട്ടുകുളം വരെയായിരുന്നു വിദ്യാര്‍ത്ഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണയായി സ്കൂള്‍ ബസിലാണ് കുട്ടി പോയിരുന്നത്. എന്നാല്‍ ഇന്ന് സ്വകാര്യ ബസില്‍ പോകേണ്ടി വന്നു. കുട്ടിയുടെ കൈയില്‍ ആകെ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ പാതിവഴിയില്‍ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. കുട്ടിയുടെ കൈവശമുള്ള രണ്ട് രൂപ വാങ്ങിയ ശേഷമാണ് വീടിന് രണ്ട് കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കിവിട്ടതെന്നാണ് പരാതി. വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി.