തൃശൂര്‍ : സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറല്‍ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്ത് പോയി. ഒരു സ്ത്രീയെ സംബന്ധിച്ച വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അത് വിശദമായി പരിശോധിക്കുന്നുണ്ടെന്നും അവരെ ചോദ്യം ചെയ്യുമെന്നും എസ് പി പറഞ്ഞു. അറസ്റ്റ് വൈകിയതിലെ വീഴ്ച പരിശോധിക്കുമെന്നും എസ് പി ഐശ്വര്യ ഡോങ്റേ വ്യക്തമാക്കി.
തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് സദാചാര ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളുമായി ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്രതിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിരുന്നുവെന്നും, പാന്‍ക്രിയാസില്‍ പൊട്ടലുണ്ടായിരുന്നുവെന്നുമാണ് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്ലീഹ ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടിയും വന്നിരുന്നു. കഠിനമായ വേദനയെ തുടര്‍ന്നാണ് സഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.