കോട്ടയം: പെർമിറ്റ് അടക്കം സ്വകാര്യ ബസ് നൽകാമെന്നു വാഗ്ദാനം ചെയ്തു ചങ്ങനാശേരി സ്വദേശികളായ ദമ്പതികളിൽ നിന്നും 17 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചങ്ങനാശേരി മാടപ്പള്ളി മാമ്മൂട് ഏത്തക്കാട് വീട്ടിൽ ഷേർളി ജേക്കബാണ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചാന്നാനിക്കാട് തകടിയേൽപ്പറമ്പിൽ ടി.സി തോമസിന് എതിരെയാണ് ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ടി.സി തോമസിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം അട്ടിപ്പീടിക – മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇവർക്ക് വിൽക്കാൻ കരാറുണ്ടാക്കിയത്. 2024 മാർച്ച് മൂന്നിനാണ് രണ്ട് കക്ഷികളും തമ്മിൽ ഇതു സംബന്ധിച്ചു കരാറുണ്ടാക്കിയത്. ഇതേ തുടർന്ന് പല തവണയായി ബസ് ഉടമ തങ്ങളിൽ നിന്നും 17 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. തുടർന്ന്, ബസ് തന്നു വിട്ടു. ദിവസങ്ങൾക്ക് ശേഷം ബസ് തിരികെ പിടിച്ചെടുക്കുകയും മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിയിടുകയും ചെയ്തതായി ഇവർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനവും പെർമിറ്റും ഷേർളിയുടെ പേരിലേയ്ക്കു മാറ്റുന്നതിനായി അപേക്ഷ നൽകുകയും, ഇതിനായി ഫീസ് അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫീസ് അടച്ചതിന് പിന്നാലെ വാഹനത്തിന്റെ ഉടമ പേര് മാറ്റുന്നതിനു സ്റ്റോപ്പ് മെമ്മോ നൽകി. പിന്നാലെ ബസ് ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ഇത് കൂടാതെ ഇവർ നേരത്തെ നൽകിയിരുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്കിൽ സമർപ്പിക്കുകയും ചെയ്തു. ഇവർ മുൻകൂടി അറിയിച്ചിരുന്നതിനാൽ ഈ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് ഇവർ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനും കോട്ടയം ഈസ്റ്റ് പൊലീസിനും പരാതി നൽകിയത്. അടിയന്തരമായി ബസും പെർമിറ്റും തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.