കുമരകം : കോണത്താറ്റു പാലം പൊളിച്ചു മാറ്റിയതിനെ തുടർന്നുള്ള യാത്രാ ദുരിതത്തിന് പുറമേ ജനങ്ങളെ പടുകുഴിയിലാക്കി ബസ്സ് സർവ്വീസുകളും. രാത്രി 7 മണിക്ക് ശേഷം കോട്ടയത്തേയ്ക്ക് പോകേണ്ടുന്ന ബസ്സുകളിൽ ആര്യൻ , ദേവൂട്ടി എന്നീ രണ്ട് ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സർവ്വീസ് നടത്തേണ്ടുന്ന അഞ്ചോളം ബസ്സുകൾ കുമരകം പെട്രോൾ പമ്പിലും പരിസര പ്രദേശങ്ങളിലും വിശ്രമിക്കുന്ന കാഴ്ച നിത്യസംഭവമാണ്. ഇതുകൊണ്ട് കോട്ടയത്ത് നിന്ന് രാത്രി എട്ട് മണിക്ക് ശേഷം കുമരകത്ത് എത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. 700 മുതൽ 850 രൂപവരെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാരന് വീട്ടിലെത്താൻ 500 രൂപ ഓട്ടോയ്ക്ക് കൊടുക്കേണ്ടി വരുന്നു.
പാലം പൊളിച്ച ശേഷം പ്രമുഖ ബസ്സ് ഉടമകൾ രാത്രികാല സർവീസ് നടത്തുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും ആർ.ടി.ഒയും പോലീസ് അധികാരികളും മൗനം പാലിക്കുകയാണ്.
ചന്തക്കവലയിൽ പച്ചക്കറി വാങ്ങാൻ എത്തുന്നവർ മറ്റ് മാർഗ്ഗമില്ലാതെ സ്കൂട്ടർ പാർക്ക് ചെയ്താൽ ഉടനടി പിഴ ഈടാക്കിയും, കൊടുംചൂടിൽ നടന്ന് വരുന്ന യാത്രക്കാരനെ കയറ്റാൻ മനുഷത്വത്തിൻ്റെ പേരിൽ വഴിയിൽ നിർത്തുന്ന ബസ്സ്കാർക്കും പിഴയ്ക്ക് കുറവില്ല എന്നതാണ് യാത്ഥാർത്ഥ്യം. രാത്രി സർവ്വീസ് നടത്താത്ത ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കി പകരം കെ.എസ്.ആർ.ടി.സി സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ യാത്രക്കാരുടെ കൂട്ടായ്മ.