തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29 ന്) പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളില്‍ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളില്‍ അതത് വാർഡുകളിലുമാണ് ബാധകമാവുക. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്യേണ്ട തുക മുനിസിപ്പല്‍ കോർപ്പറേഷനില്‍ 5000 രൂപയും മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് ഇതിന്റെ പകുതി തുക അടച്ചാല്‍ മതി. അർഹതയുള്ള സ്ഥാനാർത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക ജനുവരി 25 ന് പ്രസിദ്ധീകരിച്ചു. 23 വാർഡുകളിലായി ആകെ 32512 വോട്ടർമാരുണ്ട്. അതില്‍ 15298 പുരുഷന്മാരും 17214 പേര് സ്ത്രീകളുമാണ്. www.seckerala.gov.in എന്ന വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും വോട്ടർ പട്ടിക ലഭ്യമാണ്. പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.