ദില്ലി: പാലക്കാട് ഉൾപ്പെടെ 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതി മാറ്റി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് വോട്ടെടുപ്പ് നവംബർ 13ല്‍ നിന്ന് 20ലേക്ക് മാറ്റിയത്. കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലെയും ഉത്തർപ്രദേശിലെ ഒമ്പതും പഞ്ചാബിലെ നാലും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതിയിലാണ് മാറ്റമുള്ളത്.
മതപരവും സാംസ്കാരികവുമായ വിവിധ ചടങ്ങുകള്‍ പരിഗണിച്ചാണ് വോട്ടെടുപ്പ് തിയ്യതി പുനഃക്രമീകരിച്ചത്. പാലക്കാട്ടെ വോട്ടെടുപ്പ് മാറ്റിയത് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ്. ഉത്തർപ്രദേശില്‍ കാർത്തിക പൂർണിമ ആഘോഷവും പഞ്ചാബില്‍ ഗുരുനാനാക്ക് ദിനാചരണവും പരിഗണിച്ച് വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ആഘോഷങ്ങളും മതപരമായ ചടങ്ങുകളും നടക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്താൻ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകുമെന്നും ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നുമാണ് പാർട്ടികള്‍ ഇലക്ഷൻ കമ്മീഷനെ അറിയിച്ചത്. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, ആർഎല്‍ഡി തുടങ്ങിയ സംഘടനകളാണ് വോട്ടെടുപ്പ് മാറ്റണമെന്ന് രേഖാമൂലം ആവശ്യമുന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തോടൊപ്പം വയനാട് ലോക്സഭാ മണ്ഡലത്തിലെയും 47 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നവംബർ 13 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്നും 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നവംബർ 20ലേക്ക് മാറ്റിയത്. കേരളത്തിലെ പാലക്കാട്ടെയും പഞ്ചാബിലെ ദേരാ ബാബ നാനാക്ക്, ചബ്ബേവാള്‍, ഗിദ്ദെർബഹ, ബർണാല എന്നീ നാല് മണ്ഡലങ്ങളിലെയും ഉത്തർപ്രദേശിലെ മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹല്‍, സിഷാമൗ, ഫുല്‍പൂർ, കതേഹാരി, മജവാൻ എന്നീ ഒൻപത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നവംബർ 20ന് നടക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ പുതുതായി അറിയിച്ചിരിക്കുന്നത്. എല്ലായിടത്തെയും വോട്ടെണ്ണല്‍ നേരത്തെ തീരുമാനിച്ച പ്രകാരം നവംബർ 23 ന് നടക്കും.