ഉപതിരഞ്ഞെടുപ്പ്: പാലക്കാട്ടും ചേലക്കരയിലും തൃക്കാക്കര മോഡൽ ഇല്ല; മന്ത്രിമാരെയും പ്രചാരണത്തിന് എത്തിക്കാൻ സിപിഎം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മന്ത്രിമാർ സജീവമായി പ്രചാരണത്തിനിറങ്ങുമെങ്കിലും തൃക്കാക്കര മാതൃകയിൽ മന്ത്രിസഭയൊന്നാകെ തമ്പടിച്ച് പ്രവർത്തിക്കേണ്ടതില്ലെന്ന് സി.പി.എം. തീരുമാനം. തൃക്കാക്കര യു.ഡി.എഫ്. നിലനിർത്തിയതോടെ, മന്ത്രിമാരും സംസ്ഥാനനേതാക്കളും മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനരീതി ഫലിച്ചില്ലെന്ന് പാർട്ടി അന്നേ വിലയിരുത്തിയിരുന്നു.

Advertisements

അതതിടങ്ങളിലെ സംഘടനാസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രചാരണവും പ്രവർത്തനവും മതിയെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്ന വാദത്തിനു തടയിടൽകൂടിയാണ് ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 മേയിലായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. കോർപ്പറേഷൻ, മുനിസിപ്പൽ വാർഡുകൾ ഉൾപ്പെട്ട മണ്ഡലമായതിനാൽ ഓരോന്നിലും മന്ത്രിമാർക്കും സംസ്ഥാന നേതാക്കൾക്കും പ്രത്യേകം ചുമതല നിശ്ചയിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനം. ഓരോ വാർഡുകളിലും മന്ത്രിമാർ വീടുകൾ കയറിയിറങ്ങി. ഫലം മറിച്ചായി. പാർട്ടിക്കു മാത്രമല്ല, സർക്കാരിനുമുള്ള തിരിച്ചടിയായി ഫലം വ്യാഖ്യാനിക്കപ്പെട്ടു.

എ.ഡി.ജി.പി.-ആർ.എസ്.എസ്. കൂടിക്കാഴ്ച, തൃശ്ശൂർപ്പൂരം അലങ്കോലമാക്കൽ, ശബരിമല, കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യ തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ സർക്കാരും സി.പി.എമ്മും ഉലഞ്ഞിരിക്കെയാണ് ഉപതിരഞ്ഞെടുപ്പുകൾ. ഈ സാഹചര്യത്തിൽ പരമാവധി രാഷ്ട്രീയപ്രചാരണം നടത്തി തിരഞ്ഞെടുപ്പിനെ നേരിടും.

തിരഞ്ഞെടുപ്പുഫലം സർക്കാരിന്റെ വിലയിരുത്തലാവുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടക്കത്തിലേ വ്യക്തമാക്കിക്കഴിഞ്ഞു. ഈയാഴ്ച കൺവെൻഷൻ മുതലുള്ള പ്രവർത്തനങ്ങളുമായി പാർട്ടി ഊർജിതമായി രംഗത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പ്രസംഗിക്കാനെത്തും.

ജില്ലയിൽനിന്നുള്ള മന്ത്രിയെന്നനിലയ്ക്ക് എം.ബി. രാജേഷ് പാലക്കാടുതന്നെ കേന്ദ്രീകരിക്കും. ചേലക്കരയിൽ മുൻമന്ത്രി കെ. രാധാകൃഷ്ണൻ എം.പി. മേൽനോട്ടം വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ മൂന്നുമണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും.

Hot Topics

Related Articles