സുല്‍ത്താന്‍ബത്തേരി: എന്‍ഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) നേതാവ് സി കെ ജാനു. കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയായിരുന്നു ജാനുവിന്റെ പ്രതികരണം. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലക്ക് തങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ചര്‍ച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എങ്ങിനെ എന്‍ഡിഎയുടെ നിലപാടിനെ സ്വീകരിക്കണമെന്നുള്ള തരത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. താമസിയാതെ അങ്ങനെയൊരു ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളൊന്നും മുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നണി അംഗമെന്ന നിലക്ക് ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍ഡിഎ എല്ലാ യോഗങ്ങളിലും വിളിക്കുന്നുണ്ട്. എന്നാല്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന അധികാരമോ അവര്‍ക്ക് അര്‍ഹതപ്പെട്ട വിഹിതമോ സ്ഥാനമാനങ്ങളോ ഒന്നും തന്നെ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സി കെ ജാനു തുറന്നടിച്ചു. സ്ഥാനമാനങ്ങളായി ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. പരിഗണന ലഭിക്കാത്തതില്‍ അമര്‍ഷത്തോടെ തന്നെയാണ് എന്‍ഡിഎയില്‍ തുടരുന്നത്. തങ്ങളുടെ പാര്‍ട്ടിക്ക് ലഭിക്കേണ്ട അധികാരവും മറ്റും കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ന്നുവരുന്ന ചര്‍ച്ചകളിലും ഇതുണ്ടാകുമെന്നും അവർ പറഞ്ഞു.