ന്യൂഡല്‍ഹി: ക്യാനഡയ്ക്ക് പിന്നാലെ ബ്രിട്ടണുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലും വിള്ളല്‍. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ ഖലിസ്ഥാനികള്‍ തടഞ്ഞ സംഭവത്തില്‍ ഇന്ത്യ ബ്രിട്ടണെ കടുത്ത അതൃപ്തി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്കോട്ടിഷ് പാര്‍ലമെന്‍റംഗത്തിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഖാലിസ്ഥാൻ വാദികള്‍ തടഞ്ഞിരുന്നു.
ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പോലും അവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കാതെ ഹൈക്കമ്മീഷണര്‍ മടങ്ങി. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ രംഗത്തെത്തുകയായിരുന്നു. ഹൈക്കമ്മീഷണറെ ആസൂത്രിതമായി തടഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടക്കുകയായിരുന്നെന്നാണ് ബ്രിട്ടന്‍റെ പ്രതികരണം.നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും, ആരാധനാ കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും ബ്രിട്ടണ്‍ വിദേശകാര്യമന്ത്രി ആനി മേരി ട്രവ്ലിയാന്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ മാപ്പ് പറഞ്ഞ ഗ്ലാസ്ഗോ ഗുരുദ്വാര ഭാരവാഹികള്‍ പ്രതിഷേധകാരികളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. അതേ സമയം ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തോടുള്ള പ്രതികരണം മറ്റ് രാജ്യങ്ങളിലും പ്രതിഫലിക്കുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്.