കണ്ണൂർ: കാമ്പസിനോട് വിട ചൊല്ലുന്നത് കാർ – ബൈക്ക് റാലിയിലേക്കു വരെയെത്തിച്ച് വിസ്തരിച്ചുള്ള ആഘോഷമാക്കി മാറ്റിയ വിദ്യാർത്ഥികൾ ഒടുവിൽ കേസിലും പിഴയിലും കുരുങ്ങി. കാറും ബൈക്കും മാത്രമല്ല, ജെ.സി.ബി പോലും എത്തിച്ചായിരുന്നു റോഡ് ഷോയും അഭ്യാസപ്രകടനവും. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെയും ചാത്തമംഗലം എം.ഇ.എസ് കോളജിലേയും ഒരു പറ്റം വിദ്യാർത്ഥികളുടെ സെൻഡ് ഓഫ് ആഘോഷമാണ് അതിരുവിട്ട നിലയിലേക്ക് മാറിയത്. ക്രിസ്ത്യൻ കോളേജ് സ്ടകൂൾ ഗ്രൗണ്ടിൽ പൊടിപൂരം സൃഷ്ടിച്ചുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലിനിടെ ഇടിയേറ്റ് ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അപകടകരമായി കാർ ഓടിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 12,000 രൂപ പിഴയിട്ടു. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചു. കോഴിക്കോട്ട് മൂന്നു കാറുകൾക്കെതിരെയാണ് കേസ്. ചാത്തമംഗലത്ത് ജെ.സി.ബി അടക്കം ആറു വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്ത് പിഴയിട്ടത്.
ഇന്നലെ രാവിലെയാണ് സംഭവം. ക്രിസ്ത്യൻ കോളേജ് സ്കൂൾ ഗ്രൗണ്ടിൽ കാറുകളുടെ ബോണറ്റിലും പിൻവശത്തുമെല്ലാം വിദ്യാർത്ഥികളെ കയറ്റിയിരുത്തിയായിരുന്നു അതിവേഗത്തിലുള്ള വട്ടംചുറ്റൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയിൽ ഒരു കാറിടച്ചാണ് ബൈക്കുകളിലൊന്നു തെറിച്ചുവീണത്. ഈ വണ്ടിയിലുണ്ടായിരുന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പൊതുനിരത്തിലൂടെയുള്ള അഭ്യാസപ്പാച്ചിൽ കഴിഞ്ഞായിരുന്നു ഗ്രൗണ്ടിൽ പൊടിപറത്തിയുള്ള പ്രകടനം.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അപകടകരമായ രീതിയിൽ ഓടിച്ച മൂന്നു കാറുകളും മോട്ടോർ വാഹന വകുപ്പുകാർ കസ്റ്റഡിയിലെടുത്തത്.
ബൈക്കുകളുടെ നമ്പർ വ്യക്തമായി കിട്ടാത്ത സാഹചര്യത്തിൽ പിടികൂടാനായില്ല. പരിസരത്തെ സി.സി.ടി.വി ഫുട്ടേജുകൾ കൂടി പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ എം.ധനേഷ് പറഞ്ഞു. വാഹനം ഓടിച്ച മൂവർക്ക് ലൈസൻസുണ്ട്. ഇത് റദ്ദാക്കുന്നതിനുള്ള നടപടി പെട്ടെന്നുണ്ടാവും. കാറുകളുടെ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ 12,000 രൂപ രക്ഷിതാക്കളിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു.
ചാത്തമംഗലത്ത് എം.ഇ.എസ് കോളജിലെ മൂന്നാംവർഷ വിദ്യാർത്ഥികളുടെ ആഘോഷപ്പാച്ചിൽ ബസാർ ഇളക്കിമറിച്ചായിരുന്നു. മൂന്നു ജെ.സി.ബി, കാറുകൾ, ബൈക്കുകൾ എന്നിങ്ങനെ വാഹനങ്ങളുടെ പട നിരന്നു റാലിയിൽ. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇവരെയും വീഴ്ത്തിയത്. ജെ.സി.ബി കളും കാറുകളും വൈകാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.