തിരുവനന്തപുരം: പ്രതിവര്‍ഷം 60,000ത്തോളം കാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക കാന്‍സര്‍ ദിനത്തില്‍ എഴുതിയ കുറിപ്പിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിന സന്ദേശം ‘കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം’ (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പല ഇടപെടലുകളും നടത്തി. ദീര്‍ഘദൂരം യാത്ര ചെയ്ത് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ കാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വര്‍ഷങ്ങളില്‍ കൂടി നിലനില്‍ക്കുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് കാന്‍സര്‍ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.