വൈക്കം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വൈക്കം നഗരത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും ദീപം തെളിയിക്കലും നടത്തി. ആരോഗ്യ വകുപ്പും വൈക്കം നഗരസഭയും സംയുക്തമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. വൈക്കം ബോട്ടുജെട്ടിക്ക് സമീപംതലയോലപറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നഗരത്തിൻ്റെ ഹൃദയം കവർന്നു. കാൻസർ പ്രതിരോധത്തിനായി സ്ത്രീകൾ പരിശോധനകൾക്ക് വിധേയരായി യഥാസമയം വിദഗ്ധ ചികിൽസ തേടി രോഗത്തെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് മെഴുകുതിരിയിൽ ദീപം പകർന്നു ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി.എൻ.വിദ്യാധരൻ , ഇടയാഴം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.ബി.ഷാഹുൽ, നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി, സിന്ധു സജീവൻ,പി.ഡി.ബിജിമോൾ,രാജശ്രീ തുടങ്ങിയവർ സംബന്ധിച്ചു.