കാനഡ: ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ തീരുവ ചുമത്തുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെങ്കിലും, സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും അമേരിക്കയുമായി വളരെ അടുത്ത് കിടക്കുന്ന കാനഡയ്ക്കെതിരെയുള്ള സാമ്പത്തിക യുദ്ധം ലോകത്തെ ഞെട്ടിച്ചു. കാനഡ വേണമെങ്കില്‍ യുഎസ് സംസ്ഥാനമായിക്കോളൂ എന്ന് വരെ അധിക്ഷേപിച്ച് ട്രംപ് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന് കടുത്ത മറുപടി നല്‍കാനൊരുങ്ങുകയാണ് രാജ്യം.
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ കടുത്ത തിരിച്ചടിയേകി നിരവധി പ്രവിശ്യകളിലെ മദ്യ ഷോപ്പുകളില്‍ നിന്ന് യുഎസ് നിര്‍മ്മിത മദ്യ ബ്രാന്‍റുകള്‍ പിന്‍വലിക്കാന്‍ കാനഡ തീരുമാനിച്ചു. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫിന് മറുപടിയായി അമേരിക്കന്‍ മദ്യ വില്‍പന പൂര്‍ണമായും തടയുന്നതിനുള്ള നീക്കമാണ് കാനഡ നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മ്ദ്യം വാങ്ങുന്നത് നിര്‍ത്താനും ജാക്ക് ഡാനിയല്‍സ്, ടിറ്റോസ് വോഡ്ക തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത് നിര്‍ത്താനും കാനഡ തീരുമാനിച്ചു. ഇതടക്കം അമേരിക്കയുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 1,256 യുഎസ് ഉല്‍പ്പന്നങ്ങളെ ബാധിക്കും.
കാനഡയിലേക്കുള്ള അമേരിക്കയുടെ ആകെ കയറ്റുമതിയുടെ 17 ശതമാനം വരുമിത്. ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടര്‍, മോട്ടോര്‍ സൈക്കിളുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പോലുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയുടെ താരിഫുകള്‍ നേരിടേണ്ടിവരും.
രണ്ടാമത്തെ പട്ടികയില്‍ വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം, എയ്റോസ്പേസ് ഉല്‍പ്പന്നങ്ങള്‍, തിരഞ്ഞെടുത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കും കാനഡ താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ആകെ 30 ബില്യണ്‍ കാനേഡിയന്‍ ഡോളറിന്‍റെ തീരുവയാണ് ചുമത്തുക. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ശരീര സംരക്ഷണം, പള്‍പ്പ്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും താരിഫിന്‍റെ പരിധിയില്‍ കൊണ്ടുവരും.
സോഷ്യല്‍ മീഡിയയില്‍ അമേരിക്കയിലേക്കുള്ള യാത്ര ഉപേക്ഷിക്കാനും നെറ്റ്ഫ്ളിക്സ് അടക്കമുള്ളവ ബഹിഷ്കരിക്കാനും വ്യാപാക പ്രചാരണം നടക്കുന്നുണ്ട്.
യുഎസും കാനഡയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന വ്യാപാര തര്‍ക്കവും മെക്സിക്കോയില്‍ ചുമത്തിയ സമാനമായ താരിഫുകളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.
ഫെന്‍റനൈല്‍, നിയമവിരുദ്ധ കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടിയായി പ്രസിഡന്‍റ് ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും പണപ്പെരുപ്പം വീണ്ടും ഉയരാനും ഇടയാക്കും.