കൊച്ചി: എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് ചേരാനല്ലൂർ പോലീസ്. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് നടുറോഡില്‍ അച്ഛനെയും മകനെയും കാറില്‍ വലിച്ചിഴക്കുന്നതിന് കാരണമായത്. സംഭവത്തില്‍ ആക്രമിക്കപ്പെട്ട അക്ഷയും പിതാവും പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ആക്രമണത്തിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിക്കുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ മാധ്യമ വാർത്തകള്‍ക്ക് പിന്നാലെ എം.എല്‍.എ. ടി.ജെ. വിനോദ് അടക്കം ഇടപെട്ടതോടെയാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്.
കാറില്‍ യാത്ര ചെയ്തിരുന്നവർ അക്ഷയ്ക്കും പിതാവിനുമെതിരേ പോലീസില്‍ കേസ് കൊടുത്തിരുന്നു. ഈ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ആസ്റ്റർ മെഡിസിറ്റിക്ക് സമീപത്ത് നിന്നും അക്ഷയും സഹോദരിയും സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാർ യാത്രക്കാർ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അക്ഷയ് കാറിന് കുറുകേ സ്കൂട്ടർ വെച്ച് ഇതിനേതിരേ പ്രതികരിക്കുകയായിരുന്നു. തുടർന്ന് തർക്കം രൂക്ഷമാവുകയും കാർയാത്രികർ അക്ഷയുടെ കോളറിന് കുത്തിപ്പിടിക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീട് നാട്ടുകാരടക്കം ഇടപെട്ട് തർക്കം പരിഹരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ അക്ഷയും സഹോദരിയും തിരികെ വീട്ടിലേക്ക് വരുമ്ബോള്‍ ഈ കാർ ഇവരെ പിന്തുടരുകയും ഇവർ വീടിനകത്തേക്ക് കയറിയതിനുശേഷം കാർ മുന്നോട്ട് പോകുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് ഇതേ കാർ തിരികെ വരുകയും വീടിന് പുറത്തുണ്ടായിരുന്ന അക്ഷയുമായി വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. ഇത് കണ്ട സഹോദരി വീട്ടിലുണ്ടായിരുന്ന അച്ഛനോടും വിവരം പറഞ്ഞു. തുടർന്ന് സന്തോഷ് കാര്യം തിരക്കാനായി പുറത്തേക്ക് വരികയും പിന്നാലെ കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് കാറിനുള്ളിലുണ്ടായിരുന്നവർ അക്ഷയേയും അച്ഛനേയും കാർ നീങ്ങവേ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുകയുമായിരുന്നു.