ദില്ലി: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈ പൊലീസ് സൈബര്‍ സെല്ലാണ് പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ് എടുത്തത്. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. ഗെയിമിംഗ് കമ്പനി നിര്‍മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍.
സാമൂഹിക മാധ്യമങ്ങള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു. ഓണ്‍ലൈൻ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്‍റെതന്ന പേരില്‍ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍റേതിന് സമാനമായിരുന്നു. മകളായ സാറ തെന്‍ഡുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിൻ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയായിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ടിരുന്നു. ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി എക്സില്‍ മറുപടി നല്‍കി. നേരത്തെ രശ്മിക മന്ദാന, ദീപിക പദുക്കോണ്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും ഡീപ് ഫേക്ക് വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വീഡിയോ പ്രചരിപ്പിച്ചവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.